Society Today
Breaking News

കൊച്ചി: ഇന്ത്യ  ആഗോളവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറുമ്പോള്‍, രാജ്യത്തിന്റെ സമുദ്രശക്തി വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, കപ്പല്‍ അറ്റകുറ്റപ്പണിക്കായുള്ള സിഎസ്എലിന്റെ അന്താരാഷ്ട്ര കേന്ദ്രം,  പുതുവൈപ്പിനിലെ ഐ.ഒ.സിയുടെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ എന്നിവ രാജ്യത്തിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.തുറമുഖങ്ങള്‍, കപ്പല്‍വ്യാപാരം, ഉള്‍നാടന്‍ ജലപാതാ മേഖലകളില്‍ 'വ്യാപാരനടത്തിപ്പു സുഗമമാക്കല്‍' മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കി.ആഗോളവ്യാപാരത്തില്‍ ഇന്ത്യയുടെ സാധ്യതയും സ്ഥാനവും ലോകം തിരിച്ചറിയുന്നു.സമുദ്രവുമായി ബന്ധപ്പെട്ട അമൃതകാലവീക്ഷണം അവതരിപ്പിക്കുന്നത് വികസിത ഭാരതത്തിനായി ഇന്ത്യയുടെ സമുദ്രവൈദഗ്ധ്യത്തിനു കരുത്തേകുന്നതിനുള്ള മാര്‍ഗരേഖയാണ്. മുന്‍കാലങ്ങളില്‍ ഇന്ത്യയുടെ അഭിവൃദ്ധിയില്‍ തുറമുഖങ്ങള്‍ക്കുണ്ടായിരുന്ന പങ്ക് അനുസ്മരിച്ച പ്രധാനമന്ത്രി, ഇപ്പോള്‍ ഇന്ത്യ പുതിയ മുന്നേറ്റം നടത്തുകയും ആഗോളവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയും ചെയ്യുമ്പോള്‍ തുറമുഖങ്ങള്‍ക്കും സമാനമായ പങ്കുണ്ടെന്നു വ്യക്തമാക്കി.

കൊച്ചി പോലുള്ള തുറമുഖ നഗരങ്ങളുടെ കരുത്തു വര്‍ധിപ്പിക്കുന്നതില്‍ ഗവണ്മെന്റ് വ്യാപൃതരാണെന്നു പ്രധാനമന്ത്രി പറഞ്ഞു. തുറമുഖശേഷിയിലെ വര്‍ധന, തുറമുഖ അടിസ്ഥാനസൗകര്യങ്ങളിലുള്ള നിക്ഷേപം, സാഗര്‍മാല പദ്ധതിക്കു കീഴിലുള്ള തുറമുഖങ്ങളുടെ മെച്ചപ്പെട്ട സമ്പര്‍ക്കസൗകര്യം എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി.കൊച്ചിയിലെ പുതിയ ഡ്രൈ ഡോക്ക് ഇന്ത്യയുടെ ദേശീയ അഭിമാനമാണ്.രാജ്യത്തെ നഗരങ്ങളിലെ ആധുനികവും ഹരിതാഭവുമായ ജലസമ്പര്‍ക്കസൗകര്യത്തില്‍ കൊച്ചി കപ്പല്‍ശാല പ്രധാന പങ്കു വഹിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വലിയ കപ്പലുകളെ നങ്കൂരമിടാന്‍ പ്രാപ്തമാക്കുക മാത്രമല്ല, കപ്പല്‍ നിര്‍മാണവും കപ്പല്‍ അറ്റകുറ്റപ്പണികളും ഇവിടെ സാധ്യമാക്കും. ഇതു വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കുകയും വിദേശനാണ്യം ലാഭിക്കുകയും ചെയ്യും.പുതിയ സൗകര്യങ്ങള്‍ കപ്പല്‍ശാലയുടെ ശേഷി പലമടങ്ങു വര്‍ധിപ്പിക്കും.

ഇന്ത്യന്‍ നാവികരുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിഷ്‌കരണം രാജ്യത്തെ നാവികരുടെ എണ്ണത്തില്‍ 140 ശതമാനം വര്‍ധനയ്ക്കു കാരണമായി.രാജ്യത്തിനകത്ത് ഉള്‍നാടന്‍ ജലപാതകള്‍ പ്രയോജനപ്പെടുത്തിയതിലൂടെ യാത്രക്കാരുടെ സഞ്ചാരത്തിനും ചരക്കുഗതാഗതത്തിനും വലിയ ഉത്തേജനം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. 'ഹൈഡ്രജന്‍ ഇന്ധന അധിഷ്ഠിത ഗതാഗതത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ദൗത്യം കൂടുതല്‍ ശക്തിപ്പെടുത്തുകയാണു കൊച്ചി കപ്പല്‍ശാല. താമസിയാതെ രാജ്യത്തിന് തദ്ദേശീയ ഹൈഡ്രജന്‍ ഇന്ധന സെല്‍ ഫെറിയും ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു. കേരള ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖഷിപ്പിങ് ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Top